സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ; സമാധാനം എന്ന സ്വപ്നവും !

..സമാധാനം തേടി....(ഒരു കമ്പക്കാഴ്ച)
സ്വാതന്ത്ര്യദിനാഘോഷമാണെങ്കിൽ പോലും തന്നിഷ്ടപ്രകാരം പടക്കം പൊട്ടിച്ചു കളിക്കാൻ പൊതുജനങ്ങൾക്ക് സ്വാതന്ത്ര്യം ഇല്ലാത്ത നാടാണ് ഫ്രാൻസ്. സുരക്ഷ തന്നെ കാരണം. ദേശീയ ദിനമായ  'ബാസ്റ്റി(ൽ) ഡേ'- യോടനുബന്ധിച്ചു എല്ലാ പ്രവിശ്യകളിലും  ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ വെടിക്കെട്ട്  നടത്താറുണ്ട്.  ജൂലൈ പതിനാലിന് രാത്രി ഈഫൽ ടവറിനടുത്താണു  പ്രധാന ആഘോഷം , തൊട്ടടുത്ത ഞങ്ങളുടെ പട്ടണത്തിലും മറ്റും തലേ രാത്രിയും. രണ്ടിലും പങ്കെടുക്കാൻ എല്ലാവർക്കും സൗകര്യം തീർത്തുകൊണ്ട്.  

രാത്രി പതിനൊന്നു മുതൽ അരമണിക്കൂർ നീളുന്ന വെടിക്കെട്ടാണ്. അപ്പൂസ് അച്ഛനോടൊപ്പം പോകാൻ ഒരുങ്ങുന്നു. ആൾത്തിരക്കിൽ വല്ല പ്രശ്നവുമുണ്ടായാൽ കുഞ്ഞിനെ എടുത്തു ഓടാനൊന്നും വയ്യെന്ന് പറഞ്ഞു സച്ചൂസുമായി ഞാൻ ഉറങ്ങാൻ കിടന്നു. അതുകേട്ടൊന്നു ഞെട്ടിയെങ്കിലും, വീണ്ടും ധൈര്യം സംഭരിച്ചു അപ്പൂസ് തയ്യാറായി. പാതി ഉറക്കത്തിൽ അടുത്തയാൾ  എണീറ്റു കെഞ്ചുന്നു, 'അച്ഛാ..അച്ഛാ.. എന്നെക്കൂടെ പടക്കം കാണിക്കാൻ കൊണ്ടുപോകാമോ? '.  അങ്ങനെ അവസാനം എല്ലാവരും ഇറങ്ങി.

"കമ്പം കാത്ത്..". 'Levallois-Perret'  പട്ടണത്തിൽ നിന്നൊരു ദൃശ്യം.  
രാത്രി വെളിച്ചത്തിൽ പട്ടണം ഒന്നു കൂടി സുന്ദരിയായതു പോലെ . വാഹനങ്ങൾ അധികമില്ല. ഉത്സവപ്പറമ്പു തേടി ഒറ്റക്കും കൂട്ടമായും ആൾക്കാർ നടക്കുന്നു. പല ദിക്കിൽ നിന്നു വന്ന വഴികളെല്ലാം 'സീൻ' (River Siene) നദിയുടെ കരയിലുള്ള പാലത്തിന്റെ ചുവട്ടിൽ അവസാനിച്ചു. എപ്പോഴും തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുന്ന  റോഡ് ആണ്, എല്ലാം കൊട്ടിയടച്ചു പോലീസ് നിൽപ്പുണ്ട്. പാലത്തിന്റെ താഴെയുള്ള  ദ്വീപിലാണ്‌ വെടിക്കെട്ട്, അങ്ങോട്ട്  ആർക്കും പ്രവേശനമില്ല.  പാലം കടന്നാൽ അടുത്ത പട്ടണമാണ്. ആ ഭാഗത്തെ ദ്വീപിലും ഇതേ സമയം വെടിക്കെട്ടാണ്. രണ്ടു കരക്കാരുടെ മത്സര കമ്പത്തിനു പറ്റിയ അവസരമുണ്ട്. പക്ഷെ, ഓരോ പട്ടണത്തിലെയും സാമ്പത്തിക കാര്യങ്ങൾക്കു ആനുപാതികമായി മിതപ്പെടുത്തിയാണ്   ആഘോഷങ്ങളൊക്കെയും. അതുകൊണ്ടു തന്നെ മത്സരമില്ല; പിരിവുമില്ല! . പാലത്തിനക്കരെയും ഇക്കരെയും ഇരുവശങ്ങളിലുമുള്ള റോഡുകളിലും ഒക്കെ ആൾക്കാർ  കൂട്ടം കൂടി നിൽക്കുന്നു. ചിലർ റോഡിന്റെ നടുക്ക് മേല്പോട്ടു നോക്കി മലർന്നു കിടപ്പാണ്.

കമ്പം തുടങ്ങി. ആകാശത്തു പല നിറത്തിൽ രൂപങ്ങൾ  വിടർന്നു കൊഴിഞ്ഞു . അതുവരെ ആകെ ത്രില്ലടിച്ചു നിന്ന സച്ചുക്കുട്ടൻ , ശബ്ദം കേട്ടു ഓരോതവണയും പേടിച്ചു എന്നെ ഇറുക്കിപ്പിടിച്ചു. "പേടിക്കണ്ട, പടക്കം ഒന്നും ചെയ്യില്ല, എല്ലാവരും കാണുന്നതു കണ്ടില്ലേ", എന്നൊക്കെ പറഞ്ഞപ്പോൾ ഒളിച്ചൊളിച്ചു മുകളിലേക്കു നോക്കി. പതുക്കെ ധൈര്യം പിടിച്ചു രസിക്കാൻ തുടങ്ങി.  അതിമനോഹരമായ ചില കമ്പക്കാഴ്ചകൾ കഴിയുമ്പോൾ എല്ലാവരും ആർപ്പു വിളിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിച്ചു.  കുട്ടികളും കൂട്ടുകാരും വീട്ടുകാരും അപ്പുപ്പൻ അമ്മുമ്മമാരും എല്ലാവരും ഉണ്ട് ചുറ്റിനും. എല്ലാ വ്യത്യാസങ്ങളും മറന്നു , ഒരു നാടിന്റെ ഹൃദയത്തിൽ ,  എല്ലാവരും ഒരുമിച്ചു നിന്നു അൽപ്പനേരം സന്തോഷിക്കുമ്പോൾ  സ്വാതന്ത്ര്യം , സമത്വം, സാഹോദര്യം, എന്നത് മൂന്നു വെറും വാക്കുകളിൽ നിന്നുയർന്നു വാനോളമെത്തി പൂത്തുലയുന്നു.

'അമ്മ പേടിപ്പിച്ചതും കേട്ടു, വരാതിരുന്നെരുന്നെകിൽ കഷ്ടമായേനെ' യെന്നു അപ്പൂസ്. 'തിരികെ വീട്ടിലെത്തട്ടെ, എന്നിട്ടു പറയാം എത്തി എന്നു! ', ഞാൻ ഒന്നുകൂടി പേടിപ്പിച്ചു. 

തിരിച്ചുള്ള വഴിയിൽ അപ്പൂസ് ഓരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

"അമ്മ കാണുന്ന എത്രാമത്തെ  വെടിക്കെട്ടു ആണ് ഇതു"?
"രണ്ടാമത്തെ, ഓർമ്മയില്ലേ മുൻപൊരിക്കൽ നമ്മൾ എല്ലാവരും ഈഫൽ ടവറിനടുത്തുള്ള  വെടിക്കെട്ടു കാണാൻ പോയത്? അപ്പൂപ്പനും അമ്മുമ്മയും ഒക്കെയായി. എന്റെ മാത്രമല്ല, അമ്മുമ്മയുടെയും ആദ്യത്തെ കമ്പക്കാഴ്ച അതായിരുന്നിരിക്കണം. "
"ഫ്രാൻസിലെ കാര്യമല്ല, ആകെ എത്രാമത്തേതാണെന്നാ ഞാൻ ചോദിച്ചത് " അവൻ തിരുത്തി.
"അതു തന്നെയാണ് ഞാനും പറഞ്ഞത്, എല്ലാം കൂടെ കൂട്ടി രണ്ടാമത്തെ തന്നെ" 
"അയ്യേ, അതെന്താ, നാട്ടിൽ അമ്പലത്തിലെ ഉത്സവത്തിനൊന്നും വെടിക്കെട്ടു  കാണാൻ  പോയിട്ടില്ലേ?" 
"അതു പാതിരാത്രി അല്ലെ, പെണ്ണുങ്ങൾ അധികം പോവാറില്ല."
"അതെന്താ , ഇതും പാതിരാത്രി അല്ലെ?"
"മം... കള്ളുകുടിച്ചു വരുന്ന തല്ലിപ്പൊളി ആണുങ്ങൾ ഒക്കെ കാണും, ചിലപ്പോൾ പെണ്ണുങ്ങളെ ഒക്കെ ഉപദ്രവിച്ചേക്കുമെന്ന പേടി .. . "
"ഇവിടെയും അങ്ങനത്തെ ആൾക്കാരൊക്കെ ഉണ്ടല്ലോ, പക്ഷെ അവർ പെണ്ണുങ്ങളെ ഉപദ്രവിക്കാറില്ലല്ലോ. പിന്നെ നാട്ടിലെന്താ സ്‌പെഷ്യൽ ?" തിരികെ മടങ്ങുന്ന പലരുടെയും കയ്യിലെ  ഒഴിഞ്ഞ കുപ്പികൾ ചൂണ്ടിയാണ് ചോദ്യം.
"അതിപ്പോ ..." എനിക്ക് ഉത്തരം മുട്ടി, "ചിലപ്പോ..ഈ.. നിയന്ത്രണങ്ങൾ  ഒക്കെ കൂടുതലായതു കൊണ്ടാവും , അറിയില്ല"
"അമ്മേടെകാര്യം പോട്ടെ, അമ്മുമ്മക്കു  കുറച്ചുകൂടി  പ്രായമൊക്കെയില്ലേ, അപ്പൊ എന്തായാലും ആരും ഉപദ്രവിക്കില്ല , എന്നിട്ടും പോയിട്ടില്ലേ? ." അവൻ വിടുന്ന മട്ടില്ല.
"പ്രായത്തിലൊന്നും ഒരു കാര്യമില്ലെടാ, തിരക്കിലെത്തിയാൽ കുഞ്ഞുങ്ങളെ തൊട്ടു അമ്മുമ്മമാരെ വരെ ശല്യപ്പെടുത്തുന്നവരുണ്ട്, നാട്ടിൽ!", അറിയാതെന്റെ  വായിൽ നിന്നു വീണത് കേട്ടു അവന്റെ മുഖം വാടിപ്പോയി. പിന്നെ ഒന്നും ചോദിച്ചില്ല.
ഞാനൊന്നു തോളിൽ തട്ടി സമാധാനിപ്പിച്ചു. "സാരമില്ല, ഇപ്പൊ  ന്യൂ ജനറേഷൻ കാലമല്ലേ, മുൻപത്തേക്കാളും ഭേദമാവണം. എല്ലാർക്കും പഠിപ്പൊക്കെ ഉള്ളതുകൊണ്ട് അത്ര  കുഴപ്പമൊന്നും കാണില്ല, നമുക്കൊരുമിച്ചു നാട്ടിലും രാത്രി വെടിക്കെട്ട്  കാണാൻ പോകണം. പക്ഷേ, ദൂരെ നിന്നേ കാണാവൂ."

ഒരു തോളിൽ നിന്നും അടുത്തതിലേക്ക് മാറിക്കിടന്നു സച്ചുക്കുട്ടൻ തന്നെത്താൻ പറഞ്ഞു കൊണ്ടിരുന്നു, "പടക്കം കേട്ടിട്ടു  പേടിച്ചു പോയി, പക്ഷെ നല്ല രസമായിരുന്നു, ബ്ലു, ഗ്രീൻ, പർപ്പിൾ എത്ര കളേഴ്സ് ആയിരുന്നു!.." 

പിറ്റേന്നു ഈഫൽ ടവറിനടുത്തു പ്രധാന ആഘോഷം. നിയന്ത്രണാതീതമാണ് ജനക്കൂട്ടം. കുട്ടിയെയും കൊണ്ടു പോയി വരാൻ പ്രയാസമായേക്കുമെന്നോർത്തു പോയില്ല. വീട്ടിലിരുന്നു ടെലിവിഷനിൽ തത്സമയം കണ്ടു, പരേഡും, വെടിക്കെട്ടിന് മുൻപ് സംഗീത നിശയും, തുടർന്നു അതിലും സംഗീതാത്മകമായ വെടിക്കെട്ടും. ഒരേ രീതിയിൽ കോർത്തിണക്കിയ ഒരു കലാവിരുന്ന്. പാട്ടിനൊപ്പം ചുവടു വയ്ക്കുന്നപോലെ ആണ് വെടിക്കെട്ടിന്റെ ഗതി. മേമ്പൊടിക്ക് 'ലൈറ്റ് ഷോ'യും. ഇത്ര നന്നായി ഇതു എങ്ങനെ ചിട്ടപ്പെടുത്തി ചെയ്തു എന്നു അതിശയം തോന്നി. ഏരിയൽ വ്യൂ അതിമനോഹരമായിരുന്നു, വഴികളെല്ലാം നിറച്ചു , ഒരു ലോകം മുഴുവൻ പാട്ടുകേട്ടു കണ്ണും നട്ടിരിക്കുന്നു . ഈഫൽടവർ വർണ്ണവെളിച്ചത്തിൽ ആറാടി നിൽക്കുന്നു. 

പോവേണ്ടതായിരുന്നു  എന്നു പ്രശാന്തും, പോയിരുന്നെകിൽ തിരക്കിൽ ഇത്രനന്നായി കാണാൻ കഴിഞ്ഞേക്കില്ലെന്നു ഞാനും. എന്തായാലും  പ്രശ്നമില്ലാതെ ഇതു കഴിഞ്ഞല്ലോ എന്ന ഒരു ആശ്വാസവും ഉള്ളിൽ  തോന്നി. 

ഒരു പാടു നേരം നീണ്ടു നിന്നില്ല ആ ആശ്വാസം, നീസിലെ ആക്രമണവാർത്ത അര മണിക്കൂറിൽ എത്തി. ഒരുപാട് കുഞ്ഞു സ്വർഗ്ഗങ്ങൾ തല്ലിക്കെടുത്തി ഒരു ഭ്രാന്തൻ സ്വർഗ്ഗം തിരഞ്ഞു പോയി. ആകാശം നിറച്ചു നിന്ന വെളിച്ചവും നിറങ്ങളുമെല്ലാം  മെഴുകുതിരികളും പൂക്കളും ഏറ്റുവാങ്ങി  കടൽത്തീരം നിറച്ചു. പടക്കം കണ്ടു തുള്ളുന്ന കുട്ടികളെ ഓർത്തു ഉള്ളു കലങ്ങിപ്പോയി.

ഏതു സന്ദേശങ്ങളും കണ്ടെത്തി നശിപ്പിക്കാൻ, ഏതു ആയുധങ്ങളും നിർവീര്യമാക്കാൻ , കൊല്ലുന്നവരെയെല്ലാം കൊല്ലാനും പലർക്കും കഴിയും. പക്ഷെ കൊല്ലാനും ചാവാനും ഭ്രാന്തു പിടിച്ചു നടക്കുന്നവരുടെ മനസ്സു നേരെയാക്കാൻ ആർക്കാണ് കഴിയുക?

പാരീസിൽ മുൻപ് നടന്ന ചാവേറാക്രമണത്തിൽ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞിനെ  ചേർത്തു നിർത്തി അവന്റെ അച്ഛൻ തീവ്രവാദികൾക്കു നൽകിയ  ഒരു സന്ദേശമുണ്ട്, 'ഇവനെ ഞാൻ സ്നേഹിക്കാൻ  പഠിപ്പിച്ചു വളർത്തും. നിങ്ങളോടു പോലും പ്രതികാരത്തിനിടയില്ലാത്ത വിധം സന്തോഷം കൊണ്ട് ഇവന്റെ മനസ്സു നിറയ്ക്കും , അതാണ് നിങ്ങൾക്കുള്ള ശിക്ഷ. ' 

ചുറ്റിലും നരകം വിതച്ചു, കഥയിലെ സ്വർഗ്ഗം തേടിയലയുന്ന ചെകുത്താന്മാർക്കു വേറെന്തു ശിക്ഷ നൽകാൻ. ഭൂമിയിലെ സ്നേഹസ്വർഗ്ഗങ്ങൾ എത്ര കെടുത്തിയാലും ഒക്കുന്നപോലെ  പകർന്നു,  തെളിച്ചു  കാണിച്ചു കൊടുക്കുക!

----------------------------------------------------------------












Comments

  1. 'ഇവനെ ഞാൻ സ്നേഹിക്കാൻ പഠിപ്പിച്ചു വളർത്തും. നിങ്ങളോടു പോലും പ്രതികാരത്തിനിടയില്ലാത്ത വിധം സന്തോഷം കൊണ്ട് ഇവന്റെ മനസ്സു നിറയ്ക്കും , അതാണ് നിങ്ങൾക്കുള്ള ശിക്ഷ. '
    ആശംസകള്‍...ശ്രീജ

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് ശ്രീജ.

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട് ശ്രീജ.

    ReplyDelete
  4. ഒരു കവിതപോലെ ഹൃദയത്തെ തൊടുന്നു...

    ReplyDelete
  5. മനോ‍ഹരം ഈ എഴുത്ത്.

    ReplyDelete
  6. ഫ്രാൻസിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് വായിക്കുമ്പോൾ ഞാൻ ശ്രീജയേയും കുടുംബത്തെയും ഓർക്കും. എല്ലാം ഭദ്രമല്ലേ എന്ന് ചോദിക്കണമെന്ന് ഓർക്കും. ഓവർ റിയാക്ഷൻ എന്ന് കരുതുമോ എന്ന ശങ്കയിൽ അതൊന്നും വേണ്ടെന്ന് വയ്ക്കും.
    കൊല്ലണമെന്ന് ഒരാൾ മനഃപൂർവം തീരുമാനിച്ചാലയാളെ തടയുക ദുഷ്കരം തന്നെ. ലോകം കൂടുതൽ കൂടുതൽ അരക്ഷിതം ആയിക്കൊണ്ടിരിക്കുന്നു
    മുപ്പത്‌ നാൽപത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ നമുക്ക്‌ ഒന്നും പേടിക്കാതെ ഏത്‌ ആൾക്കൂട്ടത്തിലും പോകാമായിരുന്നു.
    ഇന്ന് വയ്യ, പേടിക്കണം

    ReplyDelete
    Replies
    1. നന്ദി അജിത്. വായിച്ചു ബോറടിച്ചു മുങ്ങിയതാണെന്നോർത്തു ..
      ഇവിടെ പുറമേ എല്ലാം സാധാരണ രീതിയിൽ തന്നെ പോകുന്നു, അടിയൊഴുക്കുകൾ അങ്ങനെയല്ലെങ്കിലും.

      Delete
  7. വളരെ നല്ല എഴുത്ത്.😄

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....