Posts

Showing posts from February, 2012

വസന്തത്തിലേയ്ക്കുള്ള ദൂരം..

ശൈത്യകാലം പ്രകൃതിക്ക്  തപസ്സിന്റെ കാലമാണ്. പാരീസിലെ വഴിമരങ്ങള്‍ എന്നേ ഇലപൊഴിച്ചു, എല്ലും തോലുമായി നില്ക്കുന്നു. മീനുകള്‍കുളത്തിനടിയിലേക്ക് പോയി, ഇനി അനങ്ങാതെ കിടന്നു കൊള്ളും. മനുഷ്യന്‍ ഒഴികെയുള്ള ജീവജാലങ്ങള്‍ ഒന്നുകില്‍ സ്ഥലം കാലിയാക്കും , അല്ലെങ്കില്‍ ഉണ്ണാതെ മിണ്ടാതെ തപസ്സു തുടങ്ങും (hybernation). കമ്പിളിയുടുപ്പുകളിലും  തൂവലുടുപ്പുകളിലും  പൊതിഞ്ഞു, മനുഷ്യര്‍ മാത്രം കൂസലില്ലാതെ പണി തുടരും. തണുപ്പിന്റെ വല്ലാത്ത കാലവും ആഘോഷമാക്കി വസന്തത്തിലേക്ക് ഉണരാന്‍ കൊതിക്കും. അപ്പോഴേക്കും   ക്രിസ്മസ്, ന്യൂ ഇയര്‍ ദീപാലങ്കാരങ്ങളില്‍ നഗരം മുങ്ങിക്കുളിച്ചു കയറും. വെറുക്കപ്പെട്ട പുകച്ചുരുളുകള്‍ക്കിടയിലൂടെ ഞാന്‍ വളഞ്ഞു പുളഞ്ഞു ഓഫീസില്‍ കയറുന്ന കാലം കൂടി ആണിത്. ഓഫീസിന്റെ മുന്നില്‍ അകത്തുള്ളതിലും കൂടുതല്‍ ആളുകള്‍ പുക വലിച്ചു നില്‍പ്പുണ്ടാകും. ആഗോളമാന്ദ്യവും അന്താരാഷ്ട്ര പ്രശനങ്ങളും പുകഞ്ഞുയരുന്ന സ്ഥലങ്ങള്‍. വലിയ ചാരപ്പെട്ടികളിലെ അവശേഷിച്ച കുറ്റികള്‍ പെറുക്കുന്ന യാചകരെയും കാണാം. പുകച്ചു തീര്‍ത്ത  പ്രശ്നങ്ങളുടെ ബാക്കിപത്രങ്ങള്‍ . മഞ്ഞുരുക്കി, ഇളം ചൂടിലെ  ആദ്യത്തെ മഴ മാര്‍ച്ചിന്‍റെ അവകാശമാണ്.