Posts

Showing posts from 2012

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

Image
ഗാര്‍ ദ ലിയോന്‍ ( Gare de Lyon) പാരീസിലെങ്ങും ഇലകള്‍ ചുവന്നു പൊഴിയുന്ന ശിശിരമെത്തിയപ്പോള്‍  ഇത്തിരി  ചൂടും തേടി ഫ്രാന്‍സിന്‍റെ തെക്കു കിഴക്കുള്ള മെഡിറ്ററേനിയന്‍ തീരത്തിലേക്ക് ഒരു യാത്ര. അതിരാവിലെ ആയിരുന്നു ട്രെയിന്‍ .  ലോക്കല്‍ ട്രെയിനില്‍ ദീര്‍ഘദൂര സ്റ്റേഷനിനായ 'ഗാര്‍ ദ ലിയോണി'ല്‍ ( Gare de Lyon ) എത്തണം. സ്യൂട്ടും കോട്ടുമൊക്കെയിട്ട് നന്നായി  ഒരുങ്ങി  , എന്നാല്‍   മദ്യപിച്ചു ലക്ക് കെട്ട  ധാരാളം പേരെ ട്രെയിനില്‍ കണ്ടു.  നഗരരാത്രിയുടെ മിച്ചമുള്ള കാഴ്ചകള്‍ . പുറത്തിറങ്ങിയപ്പൊഴും അതേ ബഹളം. എസ്ക്കലേറ്ററില്‍ നീണ്ടു നിവര്‍ന്നു കിടന്നു പിന്നാലെ വന്നവരെയൊക്കെ ബുദ്ധിമുട്ടിച്ചു പൊട്ടിച്ചിരിക്കുന്ന ചില ഭ്രാന്തുകള്‍ .  ബോധമനസ്സു മറയുമ്പോള്‍ മനുഷ്യന്‍ എത്ര ബോറനാവുന്നു! മറ്റു യാത്രികരുടെ കൂടെയുള്ള വളര്‍ത്തു മൃഗങ്ങളും അറപ്പോടെ  നോക്കി മാറി  പോകുന്നു.  ഒരു വിധത്തില്‍ ദീഘദൂര ട്രെയിനുകളുടെ ഭാഗത്ത്‌ എത്തി വണ്ടി പിടിച്ചു, പാരിസില്‍ നിന്നും അഞ്ചു മണിക്കൂര്‍ യാത്രയുണ്ട്. 'ഫ്രഞ്ച് റിവേറ' എന്നറിയപ്പെടുന്ന മെഡിറ്ററേനിയന്‍ തീരഭൂമിയാണ് ലക്ഷ്യം.   പുലര്‍ച്ചയുണര്ന്നതിനു പ്രായശ്ചിത്തമായ

ലൂവാ നദീതടങ്ങളില്‍ (Loire vally) --4

Image
ലൂവാ നദി. ലൂവാ തീരങ്ങള്‍ ( loire valley in france) തേടി വീണ്ടുമൊരു യാത്ര. മഴമേഘങ്ങളും ഒപ്പം കൂടി. പരിഭവിച്ചും പതം പറഞ്ഞും കുറേ പെയ്തും ചിതറിപ്പറിഞ്ഞും കൂടെത്തന്നെ. ബൂവല്‍  -  വന്യജീവി സങ്കേതം: --------------------------------------------- കാടുറങ്ങുന്ന ലൂവാതടങ്ങളില്‍ രാജാക്കന്മാര്‍ ഒരുപാട് നായാട്ടു കൊട്ടാരങ്ങള്‍ പണിതിട്ടുണ്ട്. അതിനിടയില്‍ പക്ഷിസംരക്ഷണത്തിനായി ഒരു സങ്കേതം പണിയാനാണ്  ഫ്രാന്‍സെസ്  ദെലോര്‍ ( ' Frances Delord') എന്ന  ഒരു സ്ത്രീയ്ക്ക്   തോന്നിയത്. അവര്‍ തുടങ്ങിയ ബൂവല്‍ ( Zoo parc de Beauval) എന്ന ഈ പക്ഷിക്കാട്ടിലെയ്ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പക്ഷികളെ കൊണ്ടുവന്നു. കാലക്രമേണ മൃഗ സംരക്ഷണവും ഇതിന്റെ ഭാഗമായി.   വംശനാശ ഭീഷണിയുള്ള പക്ഷി മൃഗാദികളെ പ്രത്യേക സംരക്ഷണത്തില്‍ വളര്‍ത്താന്‍ തുടങ്ങി.  അങ്ങനെ ഫ്രാന്‍സിലെ തന്നെ ഒരു പ്രധാന   ' കാട്ടിലെ കാഴ്ച ബംഗ്ലാവ് ' അഥവാ ' കാഴ്ച ബംഗ്ലാവിലെ കാട് ' ആയി മാറി ബൂവല്‍. സംരക്ഷണതാല്‍പ്പര്യം എന്തെന്തു സാദ്ധ്യതകളാണ് തുറന്നിടുന്നത്? പാരീസില്‍ നിന്നുള്ള ട്രെയിനില്‍ ഒന്നര മണിക്കൂര്‍ യാത്ര , ഒരു

ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 4

Image
നാഷണല്‍ മ്യൂസിയം ഇനി തിരിച്ചുള്ള യാത്ര. വീടൊഴിഞ്ഞു; ചുവന്ന പെട്ടിയടുക്കി രാവിലെ തന്നെ ഇറങ്ങി. ഉച്ചകഴിഞ്ഞാണ്  ഫ്ലൈറ്റ്. കഴിഞ്ഞ ദിവസം കാണാതെ വിട്ട മ്യൂസിയം കാണണം. മറ്റൊരു കുന്നിന്റെ മുകളില്‍ ഒരു മനോഹരമായ പഴയ കൊട്ടാരത്തില്‍ ആണ് ആയിരം വര്ഷം പഴക്കമുള്ള ചിത്രവേലകള്‍  സൂക്ഷിക്കുന്ന ആ മ്യൂസിയം! പെട്ടിയും തൂക്കി മുകളില്‍ എത്തിയപ്പോള്‍ മെയിന്‍റനന്‍സ്  പണികള്‍ നടക്കുന്നു. തിങ്കളാഴ്ച സന്ദര്‍ശകര്‍ക്ക് ഒഴിവാണ്. നിരാശരായി, കൊട്ടാരത്തിന്‍റെ ചുറ്റും വെറുതെ നടന്നപ്പോള്‍ പിന്നിലൂടെ കുറെ  ചവിട്ടു പടികള്‍.. . പഴയ  ഒളിമ്പിക്സ് ഓര്‍മ്മകളിലേയ്ക്. ഒളിമ്പിക്സ്  വേദിയില്‍..... -വാര്‍ത്താവിനിമയ സ്തൂപം. ദീപശിഖ തെളിയിച്ച സ്ഥലങ്ങള്‍, കളിത്തട്ടുകള്‍, വിശാലമായ വേദികളിലെ വിവിധങ്ങളായ സ്തൂപങ്ങളും സ്തംഭങ്ങളും. ഗാംഭീര്യം തുളുമ്പുന്ന സ്ഥലം. ഇവിടുത്തെ  കാറ്റിനുണ്ടാവാം മത്സരത്തിന്‍റെ ചൂര്. പക്ഷെ കണ്ണിലിപ്പോള്‍,  ആളൊഴിഞ്ഞ അരങ്ങിന്റെ നിറഞ്ഞ  ശാന്തത മാത്രം   . കാഴ്ച്ചക്കാര്‍ പലരും പല കളികളില്‍ മുഴുകിയിരിക്കുന്നു.   ഒളിമ്പിക് വേദിയില്‍ ഒന്ന് കളിക്കാന്‍ സാധിച്ചാല്‍ ചില്ലറ കാര്യമാണോ? മടക്കം ആല്പ്സിന്റെ മുകളില്‍

ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 3

Image
പനി കുറഞ്ഞില്ലെങ്കില്‍ ഞാന്‍ തനിച്ചു പോയി മിച്ചമുള്ള ബാര്‍സിലോണ കണ്ടു വരണമെന്ന് പ്രശാന്ത്‌..കാണാക്കാഴ്ചകളില്‍ കണ്ണ് പായിച്ചു പറക്കാന്‍ കൊതിക്കുന്ന ദേശാടനക്കിളിയൊന്നുമല്ല ഞാന്‍.  . ദിവസങ്ങളെല്ലാം സഞ്ചാരത്തിലെ ഏടുകള്‍ തന്നെ; വെളിച്ചം തെളിക്കുന്നതൊക്കെ  കാഴ്ചകളും. ഏതേതു ലോകങ്ങളിലൂടെയാണ് ഒരു ദിവസം നമ്മള്‍ ഒരുമിച്ചു കടന്നു പോവുന്നത്!  ഒരേ  വലിയ വാഹനത്തിനുള്ളില്‍ പലവിധത്തില്‍ ചരിക്കുന്നവര്‍  , കാട്ടിലൂടെ , നാട്ടിലൂടെ , കടലിലൂടെ , ആകാശത്തിലൂടെ , സ്വപ്നത്തിലൂടെ, അക്ഷരങ്ങളിലൂടെ ....ആരാണ് സഞ്ചാരി അഥവാ സഞ്ചാരി അല്ലാത്തവര്‍? തുളസിക്ക് പകരം പുതിനയിലയും, കരുപ്പട്ടിയ്ക്ക് പകരം ബ്രൌണ്‍ ഷുഗറും ( ശര്‍ക്കരയുടെ വിദേശ സഹോദരി.  ) , ചുക്കിന് പകരം ഇഞ്ചിയും, ജീരകത്തിന് പകരം ജീരകം തന്നെയും, പിന്നെ കയ്യില്‍ അവശേഷിച്ച ഏലയ്ക്ക കുരുമുളകാദികളും ചേര്‍ത്ത് പനിക്കാപ്പി തയ്യാറായി... ചുവന്ന പെട്ടിയിലെ കൊച്ചുമസാലപ്പെട്ടിയ്ക്കും, മരുന്ന് പെട്ടിക്കും സ്തുതി. ലറാംബ്ലാസ്   പ്രകടനം  പനി കുറഞ്ഞു, അടുത്ത ദിവസം 12 മണിയോടെ  തന്നെ ഉച്ചയൂണും കഴിഞ്ഞു ഇറങ്ങി. വീടിനു മുന്നിലെ ഹോട്ടല്‍ തുറക്കുന്നതേയുള്ളൂ, ഇവിടെ ഊണ് സമയ