Posts

Showing posts from 2011

വള്ളക്കടവിലെ അനിയന്,

വിവരങ്ങളൊക്കെ ചേച്ചിയറിയുന്നുണ്ട് . ഇതൊന്നും തമിഴ് നാട്ടുകാരുടെ കുറ്റമല്ല. നമ്മുടെ പിടിപ്പുകേടിന് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലല്ലോ. ഒന്ന് രണ്ടു കൂട്ടുകാര്‍ എന്നോട് ചോദിച്ചു, അവര്‍ക്ക് വെള്ളം കൊടുക്കാതിരിക്കാനുള്ള അടവല്ലേന്ന്. ഒരുവിധത്തില്‍  അവരെ പറഞ്ഞു മനസ്സിലാക്കി. അവര്‍ക്ക് അത്രയൊക്കയേ   അറിയൂ. സിനിമ നിരോധിച്ചത് തന്നെ കണ്ടില്ലേ. ഏതായാലും അവിടുത്തെ ഭരണകൂടത്തില്‍ കാര്യശേഷിയുള്ളവര്‍ ധാരാളമുണ്ട്. അസൂയപ്പെടാനേ നമുക്കു പറ്റൂ. അണക്കെട്ടിന്‍റെ താഴത്തു തമിഴ്നാടായിരുന്നെങ്കില്‍ ഇങ്ങനൊരു ഗതികേടുണ്ടാവില്ലായിരുന്നു. കേരളം പൊന്നു വിലയ്ക്ക് വെള്ളം വാങ്ങിയ്കുയോ തൊണ്ട വരണ്ടു ചാവുകയോ ചെയ്തേനെ. എങ്കില്‍ പോലും... കൂടംകുളത്തു കാണുന്നില്ലേ. അവിടെ ഓരോ ജീവനും വിലയുള്ളതു കൊണ്ട് നോക്കീം കണ്ടുമൊക്കയെ ചെയ്യൂ. അത് അങ്ങനെ തന്നെ വേണം താനും. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് തമിഴ്നാട്ടില്‍ ജനിക്കണമെന്നാണ് ആഗ്രഹം. പലരും പറഞ്ഞുണ്ടാക്കുന്നതുപോലെ  അവരത്ര സ്വാര്‍ഥരൊന്നുമല്ല, ജീവിക്കാന്‍ പഠിച്ചവരാണെന്നെയുള്ളൂ. പച്ചക്കറിയില്‍ ദിവസേന കയറ്റി വിടുന്ന വിഷം വാങ്ങി സദ്യയുണ്ടാക്കുന്ന മലയാളികളെപ്പോലെ പ്രബുദ്ധര

ബ്രിട്ടനി 2 > കടല്‍ തൊട്ടുപോകുന്ന ദേവാലയം

Image
നോര്‍മാന്‍ഡി തീരത്തിന്‍റെ അറ്റത്തു, ബ്രിട്ടനിയോടു കൂടുതല്‍ അടുത്ത് പ്രശസ്തമായ ഒരു പള്ളിയുണ്ട്. മോന്‍റ് സെന്റ്‌ മിഷല്‍ (Mont Saint Michel) . യുണെസ്കോ യുടെ വേള്‍ഡ് ഹെറിറ്റേജ് സെന്‍റെര്‍ ലിസ്റ്റില്‍ ഉള്ള സ്ഥലമാണ്. അവിടേയ്ക്ക് പച്ചക്കറി തോട്ടങ്ങള്‍ക്കും വലിയ കോണ്‍ പാടങ്ങള്‍ക്കും ഇടയിലൂടെ ഒരു യാത്ര. പശുക്കള്‍ക്കുവേണ്ടി വളര്‍ത്തുന്ന കോണ്‍ ആണത്രേ. പശുക്കളെ മനുഷ്യന് വേണ്ടിയും. മനുഷ്യനെയോ? വഴിയോരത്ത് ഇടയ്ക്കിടെ പശു വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ കണ്ടു. തടിച്ചു കൊഴുത്ത പശുക്കള്‍. ഒരു മണിക്കൂര്‍ യാത്രയുടെ ഒടുവില്‍ ഒരു നദി കടന്നു. ബ്രിട്ടനിയുടെയും നോര്‍മാന്‍ഡിയുടെയും അതിര്‍ത്തി നദി ‘ക്യൂസ്നോ’ ( Couesnon river ). ദൂരെ വെള്ളത്തിനും മണലിനും ഇടയ്ക്ക് കുന്നിന്‍ മുകളില്‍ പള്ളിയും തെളിഞ്ഞു . പള്ളിയുടെ മുന്‍പില്‍ വരെ നീളുന്ന റോഡ്‌. പള്ളിയ്ക്ക് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമാണ്. വേലിയേറ്റ സമയത്ത് കടല്‍ കയറിവന്ന വെള്ളം. നദിയെന്നോ കടലെന്നോ  കരയെന്നോ അതിര്‍ത്തികള്‍ തിരിയ്ക്കാന്‍ പ്രയാസം. ദിവസവും ആറേഴു കിലോമീറ്റര്‍ താണ്ടിയാണ്  കടലിന്റെ ഈ ദേവാലയ ദര്‍ശനം! മടക്കത്തില്‍ നദിയെയും കൈപിടിച്ചു കൊണ്ടു

‘ബ്രിട്ടനി’-യിലൊരു വാരാന്ത്യം

Image
അറ്റ്‌ലാന്റിക് സമുദ്രതീരത്തു, കാടും, പുഴയും, കടലിടുക്കുകളും ചെറിയ ദ്വീപുകളും ഒക്കെയുള്ള ഒരു കൊച്ചു സുന്ദരിയാണ് ‘ബ്രിട്ടനി’. ഫ്രാന്‍സിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്‌, ‘നോര്‍മാന്‍ഡി’യ്ക്കടുത്തുള്ള ഒരു ഫ്രഞ്ച് പ്രവിശ്യ. ഇതുപോലെ ഇരുപത്തി മൂന്നോളം സ്ഥലങ്ങള്‍ (regions) ചേര്‍ന്നതാണ് ഫ്രാന്‍സ്. ഓരോ സ്ഥലങ്ങള്‍ക്കും സ്വന്തമായി ഭാഷയുണ്ടായിരുന്നു. ഫ്രഞ്ചിന്റെ അടിച്ചമര്‍ത്തലില്‍ മണ്ണടിഞ്ഞ നാട്ടുഭാഷകള്‍. ബ്രത്തോന്‍ ( Briton ) ആണ് ഇവിടുത്തെ മാതൃഭാഷ. ഇപ്പോഴും സംസാരഭാഷയായി നിലനില്‍ക്കുന്നു. ദീഘദൂരട്രെയിന്‍( TGV )നില്‍ പാരീസില്‍ നിന്നും 3 മണിക്കൂര്‍ സഞ്ചരിച്ചു  ‘സെന്റ്‌ മലോ’യിലെത്തി. ബ്രിട്ടനിയിലെ ഒരു തുറമുഖ പട്ടണം. കടലിനക്കരെ ഇംഗ്ലണ്ടാണ്. ഇംഗ്ലീഷ് ചാനല്‍ നീന്തിയോ, കടത്തു കടന്നോ, കടലിനടിയിലൂടെയുള്ള ട്രെയിന്‍ പിടിച്ചോ ഒക്കെ  പോകാം. പായ്ക്കപ്പലുകള്‍ , ഫെറി സര്‍വീസുകള്‍ , ചരക്കു കപ്പലുകള്‍ , ഫിഷിംഗ് ബോട്ടുകള്‍ അങ്ങനെ നിറഞ്ഞ ഒരു തുറമുഖം. പട്ടണത്തില്‍ നിന്നും കുറച്ചുമാറി ഒരു ബീച്ചിനടുത്താണ് ഞങ്ങള്‍ ബുക്ക് ചെയ്ത അപ്പാര്‍ട്ട്മെന്റ്. സ്വന്തമായി ആകാശവും മുറ്റവുമുള്ള ഒരു ചെറിയ ഫ്ലാറ്റ്. രാത്രി ന

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 5

Image
വേട്ടയാടലില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുവാന്‍ കുറെയേറെ പര്‍വത പ്രദേശങ്ങള്‍ നാഷണല്‍ പാര്‍ക്ക്‌ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ്‌ 'വെന്വാ' നാഷണല്‍ പാര്‍ക്ക്‌ (Parc national de la Vanoise).  ഉയരത്തിലുള്ള ചില ഗ്രാമങ്ങളില്‍ നിന്നും പാര്‍ക്കില്‍ കടക്കാം. ഓസ്വാ-യിലെ മലയില്‍ നിന്നോ , ' ടെറാ മൊഡാന ' യുടെ  അങ്ങേയറ്റത്തുള്ള ' ബോന്‍വല്‍ ' എന്ന ഗ്രാമത്തില്‍ നിന്നോ ഒക്കെ  പ്രവേശിക്കാം.   'മൊഡാനി'ല്‍ നിന്നുള്ള ബസ്സ്‌ എല്ലാ ഗ്രാമങ്ങളെയും ഒന്നു ചുറ്റിയാണ് 'ബോന്‍വലി'ല്‍ എത്തിയത്.   വളരെ മനോഹരമായിരുന്നു ഈ ഒരുമണിക്കൂര്‍ യാത്ര. സമുദ്രനിരപ്പില്‍ നിന്നും 1700m ഉയരമുള്ള ഒരു പഴയ ഗ്രാമം.  ഇവിടെ നിന്ന് ഒന്നൊന്നര മണിക്കൂര്‍ കാട്ടിലൂടെ നടന്നാല്‍ ഇതിലും പഴയ ഒരു ഗ്രാമത്തിലെത്താം. കാലത്തിനു പിന്നിലേക്ക്‌ ഞങ്ങള്‍  നടന്നു. ഒരു സിനിമയിലും കണ്ടിട്ടില്ല,  ഇ ത്ര സുന്ദരമായ സ്ഥലം! ഇടയ്ക്ക് ദുര്‍ഘടമായ വഴികളും  ഉണ്ട്.  കണ്ടാല്‍ കഠിനമായ പാറകള്‍ക്കുള്ളില്‍ നിന്നും തെളിനീരുറന്നൊഴുകുന്നു. താഴെയെങ്ങും പൂക്കളാണ്. വയലറ്റും, മഞ്ഞയും റോസും നിറങ്ങളില്‍ ഓരോ മണ്‍തരിയിലും കാട്ടുപൂക്കള്‍

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 4

Image
'ആവ്രിയ്' ഗ്രാമം നടന്നു കാണുകയായിരുന്നു. ചെറുതും അതി സുന്ദരവുമായ വീടുകള്‍. ചെറുതാണെങ്കിലും അകത്തു കയറിയാല്‍ 'അതിവിശാലമായ ഷോറൂമാണ്'. തടികൊണ്ടുള്ള ഒരു മൂന്നു നില വീടാണ് ഞങ്ങള്‍ താമസിക്കുന്ന 'പ്ലാന്‍ സൊലയ്' , ഈ കുഞ്ഞു വീടിന്‍റെ ഉള്ളില്‍ പത്തു മുപ്പതു ചെറിയ അപ്പാര്‍ട്ടുമെന്റുകള്‍! ഓരോ അപ്പാര്‍ട്ടുമെന്ടിലും അടുക്കള, ഊണുമുറി, കിടപ്പുമുറി, കുട്ടികള്‍ക്കൊരു ചെറിയ മുറി. വിശാലമായ കുളിമുറി , പിന്നെ മനോഹരമായ ബാല്‍ക്കണി. സ്ഥലപരിമിതി ഒട്ടും തോന്നാത്ത നിര്‍മ്മിതി. താഴത്തെ നിലയില്‍, എല്ലാവര്ക്കും പ്രവേശനമുള്ള വായനമുറി. അതിനു പിന്നില്‍ ഒരു അലക്കുമുറി ,അവിടെ വലിയ വാഷിംഗ്‌ മഷിനും ഡ്രൈയറും വച്ചിരിക്കുന്നു അതിനും പിന്നിലൊരു സോനയും.(മനുഷ്യരെ സമൂലം ഉണക്കിയെടുക്കാന്‍ ).  വീടുകള്‍ക്കു ചുറ്റും വളരെ കുറച്ചു സ്ഥലമേയുള്ളൂ. അവിടെ പച്ചക്കറി കൃഷി സമൃദ്ധം. മതിലുകളില്ലാത്ത ഗ്രാമം. പൂത്തുലഞ്ഞു കിടക്കുന്ന പ നിനീര്‍ചെടികളാണ് കാവല്‍. മത്തനും തക്കാളിയും കാപ്സിക്കവുമൊക്കെ കായ്ച്ചു കിടക്കുന്നു. രാവിലെ വീട്ടുകാരെല്ലാം  തോട്ടം പരിപാലനത്തിലാണ്. ചില കൃഷിയിടങ്ങളില്‍ നെറ്റുണ്ട്, കിളികളെ പേടിച്ചാവണം

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 3

Image
'ഓസ്വാ'യില്‍ നിന്നും നടന്നോ ലിഫ്റ്റ്‌ (ഒരു കേബിള്‍ കാര്‍) വഴിയോ പര്‍വതത്തിന്റെ ഉയരങ്ങളില്‍ എത്താം. എന്‍റെ ആദ്യത്തെ കേബിള്‍ കാര്‍ യാത്ര. ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു ഊഞ്ഞാലില്‍ രണ്ടു പേര്‍ ഇരിക്കുന്നു. അവരുടെ പിന്നില്‍ ആളൊഴിഞ്ഞ കുറെ ഊഞ്ഞാലുകള്‍ കമ്പിയില്‍  കോര്‍ത്തു  കിടക്കുന്നു. എന്റെ സങ്കല്‍പ്പത്തില്‍ ഇത്രമാത്രം ഉയരത്തില്‍ പോകുന്ന കേബിള്‍ കാറിനു ഒരു അടപ്പ് കൂടി ഉണ്ടായിരുന്നു. എന്തെങ്കിലുമൊരു ബദല്‍ സംവിധാനം കാണാതിരിയ്ക്കില്ലെന്നു കരുതി. പെട്ടെന്നു കേബിള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ആക്കുന്ന ശബ്ദം കേട്ടു, ആദ്യം ഇരുന്നവരെ ഒരാള്‍ തള്ളി വിട്ടു , ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. ഇരുന്നു തീര്‍ന്നില്ല, ഫുട് റസ്റ്റ്‌ തല്യ്ക്കുമുകലൂടെ താഴെക്കിട്ടു ഒറ്റ തള്ളല്‍,വേണേല്‍ പിടിച്ചോണം.ഞാന്‍ പേടിച്ചു വിറച്ചു. സാഹസികമായിപ്പോയി. അപ്പു എങ്ങാനും പേടി ച്ചൊ ന്നു ചാടിയാല്‍ നേരെ ഊര്‍ന്നു പോകും. കുട്ടികള്‍ക്കെങ്കിലും ഒരു ബെല്‍റ്റിട്ടു  മുറുക്കി  വേണ്ടേ വിടാന്‍? ഞാന്‍ അവനോടു ചേര്‍ന്നിരുന്നു ഫുട് റസ്റ്റില്‍ കഷ്ടിച്ചു ഒരു കാല്‍ വയ്ക്കാം. കൈകള്‍ കൊണ്ട്  പരമാവധി അള്ളിപ്പിടിച്ചു. അപ്പൂസിനോട് ഇതുപോലെ പിടിച്ചിരിക്കൂ

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 2

Image
'ഓസ്വാ'  (Aussois) എന്നെ തൊട്ടടുത്ത ഗ്രാമത്തിലേയ്ക്കുള്ള കുറുക്കുവഴി പകുതിയും കാട്ടിലൂടെ ആയിരുന്നു. ചെറിയ മല കയറി ഇറങ്ങണം, ഒരു മണിക്കൂര്‍ നടപ്പു ദൂരം ആണ് ഗ്രാമങ്ങള്‍ തമ്മിലുള്ള കുറഞ്ഞ അകലം. ഞങ്ങളത് രണ്ടു-രണ്ടര മണിക്കൂറാക്കി മാറ്റി.  യാത്രാ മദ്ധ്യേ ഒരു വലിയ വെള്ളച്ചാട്ടമുണ്ട്. ഒരുപാട് മുകളില്‍ നിന്നും ആരോ എടുത്തെറിയുന്നപോലെ വെള്ളം വീഴുന്നു. അതിന്‍റെ തീരത്ത്,  ഭക്ഷണത്തിന്റെ പൊതിയുമായി ഉച്ചയോടെ ആള്‍ക്കാര്‍ എത്തിത്തുടങ്ങും, കുളിയും, കളിയും കഴിപ്പും ഒക്കെ കഴിഞ്ഞു വെയിലാറുമ്പോള്‍ മടങ്ങും.വെളിയില്‍ കടുത്ത ചൂടാണ്. അകത്തു പ്രകൃതിയുടെ ശീതീകരണം. മുകളില്‍ മരങ്ങളും കൈകോര്‍ത്തു തണല്‍ വിരിയ്ക്കുന്നു. 'ഓസ്വാ' യില്‍ അന്ന് ഉത്സവമായിരുന്നു, കുട്ടികള്‍ക്കായി ധാരാളം കളികള്‍. പഴയ ഓണക്കളികള്‍ പോലെ, മരം കയറ്റം, കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കളികള്‍, തക്കാളി കുഴലിലൂടിട്ടടിച്ചുടയ്ക്കുന്ന കളികള്‍.   ഒരു ഉറിയടിയുടെ കുറവ് മാത്രം തോന്നി. ഒരിടത്തു വലിയ കുട്ടകത്തില്‍ തൈര് കടയുന്നു, മറ്റൊരിടത്ത് കുതിരവണ്ടിയില്‍ ഗ്രാമത്തിന്‍റെ തനതു മദ്യശാല. തേന്‍ പോലെ മധുരമുള്ള മദ്യം ചെറിയ ഓട്ടു

ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ്‌ യാത്ര 1

Image
ടെറാ മൊഡാന  അരയന്നങ്ങളും കുട്ടികളും നീന്തിക്കളിക്കുന്ന പച്ചനിറമുള്ള ജലാശയത്തിന്റെ കരയിലൂടെ,  മലനിരകളെ ലക്ഷ്യമാക്കി , പിന്നീടെപ്പൊഴോ അവയ്ക്ക് സമാന്തരമായി,  ലംബമായി തുരങ്കങ്ങളില്‍ കൂടി നെഞ്ചകം തുളച്ചും കുതിച്ചു പാഞ്ഞു; ഒടുവില്‍ ആല്പ്സ് പര്‍വതനിരകളുടെ മടിത്തട്ടില്‍ കിതച്ചു നിന്നു; പാരിസില്‍ നിന്നും 'മൊഡാനി'ലേയ്ക്കുള്ള അതിവേഗ തീവണ്ടി.  ഇത് ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അതിര്‍ത്തി പ്രദേശമാണ്. മൊഡാനില്‍ തുടങ്ങി അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങള്‍ കാണാം. 'ടെറാ മൊഡാന' എന്നാ പേരില്‍ അറിയപ്പെടുന്നു, ഈ ഫ്രെഞ്ചു മലയോരം. ശൈത്യകാലത്ത് മഞ്ഞു മൂടുമ്പോള്‍, ഈ ഗ്രാമങ്ങള്‍  മഞ്ഞില്‍ കളിക്കാന്‍ വരുന്ന മനുഷ്യരുടെ വിനോദ കേന്ദ്രങ്ങളായി(സ്കീ റിസോര്‍ട്ട്സ്)  മാറും.   വേനലില്‍ മഞ്ഞുരുകി ഉറവകളായി, വെള്ളചാട്ടങ്ങളായി, പുഴ നിറഞ്ഞോഴുകും. പൈന്‍മരങ്ങള്‍ നിറഞ്ഞ കാടുകള്‍ പതുക്കെ  ഉണരും,  ഗ്രാമവാസികള്‍ കൃഷിത്തിരക്കിലാകും.  ആരവങ്ങളൊഴിഞ്ഞ ഈ പ ച്ചപ്പിലെക്കാണ്  ഞങ്ങള്‍ തിരിച്ചത്, എങ്കിലും തീവണ്ടി നിറയെ അവധിക്കാലം നോമ്പുനോറ്റു വന്ന കുട്ടികളായിരുന്നു. റെയില്‍വേയുടെ വകയായി എല്ലാ കുട്ടികള്‍ക്കും ഓരോ യാത്ര

ലൂവാ നദീതടങ്ങളില്‍ (Loire vally) --3

Image
ബ്ലൂവായില്‍ നിന്നും പുറപ്പെടുന്ന ബസ്സ്‌ ഷാമ്പോര്‍ട് കഴിഞ്ഞു പോകുന്നത് ഷവേണി (cheverny)യിലേക്കാണ്.      മറ്റൊരു നായാട്ടുകൊട്ടാരം.  അടുത്ത ദിവസം രാവിലത്തെ ബസ്സില്‍ ഞങ്ങള്‍ ഷവേണിയിലേക്ക് തിരിച്ചു. ഷാമ്പോര്‍ഡില്‍ ഞങ്ങളൊഴികെ എല്ലാവരും ഇറങ്ങി. അപ്പോഴാണറിഞ്ഞത്, രാവിലത്തെ ബസ്‌ ഇവിടെ വരയെ ഉള്ളൂ. ഷവേണിയിലേക്ക് പോകാന്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞു വീണ്ടും വരും. കാടുകള്‍ കളിയാക്കി ചിരിക്കുന്നു. ചാറ്റല്‍ മഴയും നനഞ്ഞു, കാടിന്റെ തീരഭൂമിയില്‍ നടന്നും ഇരുന്നും കിടന്നും സമയം തീര്‍ന്നു. മനുഷ്യരെയും മൃഗങ്ങളെയും ഭയക്കാതെ പ്രകൃതിയുടെ മടിയില്‍, കുറച്ചു സമയം കൂടി. സ്വച്ഛമായ ഈ സ്വാതന്ത്ര്യത്തിന്റെ സുഖം എല്ലായിടത്തും എല്ലായ്പ്പോഴും ഉണ്ടായിരുന്നെങ്കില്‍!  മനസ്സിന്‍റെ ഓരോ അത്യാഗ്രഹങ്ങള്‍. ചെറിയ ഷോപ്പിംഗ്‌ സ്ഥലങ്ങളും ഭക്ഷണ ശാലകളും ബസ്‌റ്റോപ്പിനടുത്തുണ്ട്. ഷോപ്പിംഗ്‌ സ്ഥലങ്ങളില്‍ എല്ലാം സ്വദേശ വസ്തുക്കളാണ്. അതൊരു വലിയ പ്രത്യേകത ആയി തോന്നി. ദേശഭേദമെന്യേ മിക്ക സ്ഥലങ്ങളിലും ' കൌതുക വസ്തുക്കള്‍' ചൈനക്കാരാണ് എത്തിക്കുന്നത്. ലൂവാ നദിക്കരയില്‍ ഇപ്പോഴും ഒരു സ്വദേശിക്കാറ്റ്. കര്‍ഷകരുടെ ചെറിയ കടകള്‍, കാട്ടുതേന്‍, ജാം,

ലൂവാ നദീതടങ്ങളില്‍ (Loire vally) --2

Image
രണ്ടാം ദിവസം രാവിലത്തെ ബസ്‌ പിടിച്ചു, ഷാമ്പോര്‍ഡിലേക്ക്, വിസ്തൃതമായ വനപ്രദേശത്തിന്‍റെ നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു കൊട്ടാരമാണ് ഷാമ്പോര്‍ഡ്‌ . കൊട്ടാരത്തിനു മുന്നില്‍ ചെറിയ കിടങ്ങുകള്‍. അവ നീണ്ടു നീണ്ടു ചെന്നൊരു തടാകത്തില്‍ വിശ്രമിക്കുന്നു. കൊട്ടാരത്തിലേക്ക് അപ്പൂസ്‌ നടക്കുന്നില്ല, പിണങ്ങി മാറി നില്‍പ്പാണ്. കഴിഞ്ഞ കൊട്ടാരത്തിന്റെ ബോറടി മാറിയിട്ടില്ല. അപ്പോഴാണ്‌ അതിലും വലിയ ഒരെണ്ണം!  പെട്ടെന്ന് കണ്ടിറങ്ങാം എന്ന വ്യവസ്ഥയില്‍ അകത്തു കയറി. മനോഹരമായ ഒരു കൊട്ടാരമ്യൂസിയം. രാജാവിന്റെ വിവിധ മുറികള്‍, അന്തപുരങ്ങള്‍, ആയുധങ്ങള്‍, പുസ്തകങ്ങള്‍ അങ്ങനെ അങ്ങനെ..വെള്ളി സ്പൂണുകള്‍ മുതല്‍ സ്വര്‍ണത്തേരുകള്‍ വരെ. ഓഡിയോ ഗൈഡ് ഉണ്ട് കയ്യില്‍; ഒരു  കോഡ്- ലസ്  ഫോണ്‍. ഓരോമുറികളിലും ഒരു നമ്പര്‍ കോഡ് എഴുതിയിട്ടുണ്ട്, ആ നമ്പര്‍ ഡയല്‍ ചെയ്‌താല്‍ , അതാത് മുറികളുടെ കഥ പറഞ്ഞു തരുന്ന ഫോണ്‍. ആ കളി അപ്പൂസിനും ഇഷ്ടപ്പെട്ടു. ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ചു കൊടുത്തതനുസരിച്ചു നിര്‍മ്മിച്ച  ഹെലിക്സ് മോഡല്‍ കോണിപ്പടി കാണാം. അതിനു രണ്ടു വശത്ത് കൂടി കയറാം.കയറുന്നവര്‍ക്ക് പരസ്പരം കാണാനായി കിളിവാതിലുകള്‍ ഉണ്ട് . പക്ഷെ ര

ലൂവാ നദീതടങ്ങളില്‍ (Loire vally) --1

Image
ഫ്രാന്‍സില്‍ വന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ്, ലൂവാ നദീയെപ്പറ്റി , നദീ തീരത്തെ കാടുകളെപ്പറ്റി, കാട്ടിലെ കൊട്ടാരങ്ങളെപ്പറ്റി ഒക്കെ. ദീര്‍ഘദൂര റെയില്‍വേ സ്റ്റേഷനായ പാരിസ്‌ ഓസ്ട്രലിക്സ്സില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര. രണ്ടു മൂന്നു  ദിവസത്തെ അവധിയാണ്. നാട്ടില്‍ ആയിരുന്നപ്പോള്‍, എല്ലാ അവധിക്കും വീട്ടിലേക്കായിരുന്നു യാത്ര. ഇപ്പോള്‍ അത് പറ്റില്ല. അങ്ങനെ ഒരു ലൂവാ യാത്ര പ്ലാന്‍ ചെയ്തു. ട്രെയിന്‍ കമ്പാര്‍ട്ട്മെന്‍റ്, എട്ടു സീറ്റുള്ള ചെറിയ മുറികള്‍ ആയി തിരിച്ചിട്ടുണ്ട്.. ഞങ്ങളുടെ മുറിയില്‍, ഒരാള്‍ കൂടിയെയുള്ളൂ. പാരിസില്‍ ഇന്ന് വിശേഷ ദിവസം ആണ്, അതുകൊണ്ടാവാം തിരക്ക് കുറവ്. ട്രെയിന്‍ പുറപ്പെട്ടു ഗ്രാമങ്ങളിലേക്ക് പാഞ്ഞു. കൊയ്ത്തു കഴിഞ്ഞ് മരുഭൂമി പോലെ, ഗോതമ്പ് പാടങ്ങള്‍. പൊഴിഞ്ഞു വീണ കതിരുകള്‍ തേടി കൂട്ടത്തോടെ പറക്കുന്ന കിളികള്‍. കൊയ്ത്തു യന്ത്രം കാത്തുകിടക്കുന്ന പാടങ്ങളും കാണാം; സ്വര്‍ണ്ണമണികളുമായി അവസാനത്തെ കിന്നാരത്തിലാ ണ വര്‍. വിള കൊണ്ടു പോകാന്‍  വന്നു കിടപ്പുണ്ട്, വലിയ ലോറികള്‍   . ഇതൊന്നും ശ്രദ്ധിക്കാതെ കൂറ്റന്‍ കാറ്റാടി യന്ത്രങ്ങള്‍ കറണ്ടുണ്ടാക്കുന്ന തിരക്കില്‍ കറങ്ങിക്കൊണ്ടേയിരിയ്ക്കുന

സ്വന്തം.

Image
നാട്ടില്‍ നിന്ന് വന്ന  സുഹൃത്ത്‌, രാമന്   പാരിസ് നന്നേ ഇഷ്ടപ്പെട്ടു. വലിയ തിരക്കില്ലാത്ത റോഡുകള്‍, പൊതുജനത്തിനുതകുന്ന യാത്രാ സൌകര്യങ്ങള്‍,  ധാരാളം വൃക്ഷങ്ങള്‍, പൊതുവേ കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ചകള്‍. രാമന്‍   ചോദിച്ചു "നിങ്ങള്‍ എന്തിനാണ് തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്നത്? ഇവിടെ സ്വസ്ഥമായി ജീവിച്ചു കൂടെ?" "മെച്ചമാണെങ്കിലും ഇത് സ്വന്തമാണെന്ന് ഒരു തോന്നല്‍ വരുന്നില്ല". ഞാന്‍ പറഞ്ഞു. വീടിനു അടുത്തുള്ള പാര്‍ക്കില്‍ കൂടി നടന്നപ്പോള്‍, എല്ലാവരുടെയും കൂടി ഒരു ഫോട്ടോ എടുതു തരുമോ എന്ന് ഒരു കുട്ടിയോട് ചോദിച്ചു. തീരെ ഗൌനിക്കാതെ , 'പറ്റില്ല' എന്ന് പറഞ്ഞു അവന്‍  നടന്നകന്നു. ആദ്യമായിട്ടാണ് ഇങ്ങനെ. ഇതുവരെ കണ്ട ആള്‍ക്കാര്‍ സൌമ്യരും സഹകരണം ഉള്ളവരും ആണ്. വീണു കിട്ടിയ അവസരത്തില്‍ ഞാന്‍ രാമനോട് പറഞ്ഞു, "കണ്ടില്ലേ ഒരു പത്തു പതിമൂന്നു വയസ്സുകാരന്റെ അഹംഭാവം.  നാടല്ലേ ഭേദം?" പ്രശാന്ത് ചിരിച്ചു , ' നാട്ടിലെ പതിമൂന്നു വയസ്സിന്റെ പ്രഭാവം പത്രത്തില്‍ വായിക്കുന്നുണ്ടെല്ലോ അല്ലെ?'  എന്‍റെ നാക്കിറങ്ങി.

ഇന്നത്തെ പ്രഭാതം

ചേര്‍ത്തു പിടിച്ചാണ് അവര്‍ ബസിലേക്ക് കയറിയത്. അടിവച്ചടിവച്ച് രണ്ടു സുന്ദരികള്‍. നല്ല വേഷം, നല്ല ഭംഗി!  ഒരു പോലെയിരിക്കുന്നു കണ്ടാല്‍.  മുന്നിലെ സ്ത്രീ അമ്മയാണെന്ന് തോന്നുന്നു. അടുക്കുന്തോറും മനസ്സിലായി, അവര്‍ക്ക് തീരെ നടക്കാന്‍ വയ്യ. പത്തു തൊണ്ണൂറു വയസ്സു പ്രായം കാണും.അവരെ ചേര്‍ത്തുപിടിച്ചു ഒരു കുട്ടിയെ എന്നപോലെ ഉന്തി നടത്തിച്ചു കൊണ്ട് പിന്നില്‍ മകള്‍, മധ്യവസ്കയാണ്. അമ്മയെ സീറ്റില്‍ ഇരുത്തി, മകള്‍ പോയി ടിക്കറ്റ്‌ എടുത്തു വന്നു. എന്തൊക്കെയോ കഥകള്‍ പറഞ്ഞു അടുത്ത് തന്നെ നിന്നു. ഇറങ്ങേണ്ട സ്റ്റോപ്പിനു മുന്‍പ് പതുക്കെ എണീല്‍പ്പിച്ചു വാതില്‍ക്കലേക്ക് കൊണ്ടുവന്നു. അമ്മയെ ചുറ്റിപ്പിടിച്ച് വര്‍ത്തമാനങ്ങള്‍ പറഞ്ഞു അങ്ങനെ.... അമ്മയും മകളും പുതിയ കാഴ്ചയല്ല, എന്നാലും ഇവര്‍ വ്യത്യസ്തരായിരുന്നു. പ്രയമായത്തിന്റെ അസഹിഷ്ണുതയോ, ഒരാളെ നടത്തിച്ചു കൊണ്ടുപോകുന്ന സഹനതയോ, ത്യാഗഭാവമോ ഒന്നും കണ്ടില്ല. അമ്മ കുഞ്ഞിനെ നടത്തിക്കുന്ന കൌതുകത്തോടെ,അത്യധികമായ സ്നേഹത്തോടെ  കുഞ്ഞ്‌ അമ്മയെ നടത്തിക്കുകയായിരുന്നു. സ്നേഹസൌന്ദര്യം തുളുമ്പുന്ന രണ്ടു മനുഷ്യര്‍.

ഇന്നത്തെ പ്രഭാതം

ചെറിയ ചാറ്റല്‍ മഴ നനഞ്ഞു കൊണ്ടിറങ്ങി, മഴ നനഞ്ഞു തെളിഞ്ഞു കിടക്കുന്ന ശാന്തമായ വഴികള്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ റോഡിന്റെ ഇരുവശത്തും പ്രൌഡഗംഭീരമായി നില്‍ക്കുന്നു. പുതിയ നിര്‍മ്മാണങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം.  കെട്ടിടങ്ങള്‍ , റോഡുകള്‍ ഒക്കെ ഉണ്ടെങ്കിലും, പച്ചപ്പിന് ഒരു കുറവും തോന്നില്ല. വഴിയരുകില്‍ മരങ്ങള്‍ പച്ച വിരിയ്ക്കുന്നു, ഒരു കാട്ടുവഴിപോലെ തോന്നും. ഓരോ കെട്ടിടങ്ങള്‍ക്കും നല്ല പൂന്തോട്ടങ്ങള്‍. കവലകളില്‍ സര്‍ക്കാര്‍വക പൂന്തോട്ടങ്ങള്‍. ഫ്ലാറ്റുകളുടെ ബാല്‍ക്കണികളില്‍ നിന്നും ചെടികള്‍ എത്തിനോക്കുന്നു. .കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ച. അത്യാധുനികതയും, പാരമ്പര്യവും പ്രകൃതി ഭംഗിയും ഒത്തിണങ്ങിയ ചില സ്ഥലങ്ങള്‍, ഇതെന്നും ഇങ്ങനെയായിരിക്കട്ടെ. ഇന്നു ഇവിടെ സംഗീത ദിനം, ഓരോ മൈതാനത്തും പാട്ടുകാര്‍ സ്റ്റേജ് കെട്ടി , ഓര്‍ക്കെസ്ട്ര വച്ച് പാട്ട് പാടുന്നു. പാടിയും കേട്ടും വഴിയിലൂടെ ആള്‍ക്കാരും. ഒഴിവല്ല, അതുകൊണ്ട് വൈകിട്ട് ആയിരിക്കും പാട്ട് കൂടുതല്‍. ആകാശത്തിനും ഭൂമിക്കുമിടയില്‍ വെറുതെ പാടി നടക്കാനായി എല്ലാവര്ക്കും ഒരു ദിവസം. ഇന്ന് June 21 , 2011 , മറ്റൊരു പാരീസിയന്‍ പുലരിയിലൂടെ ഓഫീസില

നോര്‍മാന്‍ഡി തീരങ്ങളില്‍---3

Image
'ഫെകാമ്പി'ല്‍ രാവിലെ ബസ്‌ സമയത്തിന് കുറച്ചു മുന്‍പു തന്നെ ബസ്‌ സ്റ്റോപ്പിലെത്തി. 'ഫെകാമ്പി' ലേയ്ക്കാണ് യാത്ര . വി.വി.ഐ.പി യെപ്പോലെ ഗമയില്‍, പക്ഷെ കൃത്യസമയത്ത് സര്‍ക്കാര്‍ വണ്ടിവന്നു. വണ്ടിക്കൂലി തുച്ഛം, യാത്രാസുഖം മെച്ചം. ഡ്രൈവറായിരുന്നു താരം. വഴിയില്‍ പരിചയക്കാരെ കാണുമ്പോള്‍ ഹോണ്‍ അടിച്ചു സലാം വച്ച് ആസ്വദിച്ചു വണ്ടിയോടിക്കുന്നു. വളവും തിരിവും ഉള്ള വഴി ആയതുകൊണ്ട് യാത്രികര്‍ ഇരുന്ന ശേഷമേ വണ്ടി മുന്നോട്ടെടുക്കൂ. ഇറങ്ങുന്നവര്‍ ബസ്സിന്‍റെ അടുത്ത് നിന്ന് മാറിയെന്ന് കണ്ണാടിയില്‍ കൂടി നോക്കി ഉറപ്പു വരുത്തുന്നുമുണ്ട്. കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവരെ കൈപിടിച്ച് സഹായിക്കും. യാത്രികരും വഴിനടക്കാരും ഇദ്ദേഹത്തിന്‍റെ അടുത്ത സ്വന്തക്കാര്‍ ആണെന്നെ തോന്നൂ. സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള പെരുമാറ്റം. ഇതിനിടയില്‍ ഒരു അമ്മുമ്മ, തന്‍റെ വീടിനു സമീപം ബസ്‌ നിര്‍ത്തിച്ചു, ഷോപ്പിംഗ്‌ കാര്‍ട്ട് ഒന്നിറക്കി വപ്പിച്ചു. 50 സെന്‍റ് (യൂറോയുടെ പൈസ ) ഡ്രൈവറുടെ കൈയില്‍ വച്ച് കൊടുത്തു. നിഷ്കളങ്കമായ കൈക്കൂലി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഓരോ സ്റ്റോപ്പിലും കൃത്യ സമയത്തു വണ്ടിയെത്തുന്നുമുണ്ട്. 'ഫെക

നോര്‍മാന്‍ഡി തീരങ്ങളില്‍---2

Image
വെള്ളം കുടിക്കുന്ന കല്ലാനകള്‍ വളവു തിരിഞ്ഞ് ഓരോ കുന്നു കയറുമ്പോഴും ഞങ്ങള്‍ 'എത്രിത്താ' യെ തേടിക്കൊണ്ടിരുന്നു. കുന്നിറങ്ങി ചെല്ലുന്നത് പലപ്പോഴും കടല്‍ മുനമ്പുകളില്‍. വീണ്ടും തിരിഞ്ഞു കുന്നുകളിലേക്ക്. ഇടയ്ക്കു ചില ജനവാസ കേന്ദ്രങ്ങള്‍ കാണാം. കുന്നിന്‍ ചരിവുകളില്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നു. നല്ല ഇനത്തില്‍ പെട്ട പശുക്കള്‍. (കണ്ണ് പെടാതിരിക്കട്ടെ). പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും വളരെ പ്രശസ്തമാണ് നോര്‍മാന്‍ഡി. ഈ പുല്‍മേടുകളില്‍ നിന്നാണ് പാരീസിലും പാലെത്തുന്നത്. പാലൂട്ടുന്ന പ്രകൃതിയെ നന്ദിപൂര്‍വം നോക്കിയിരിക്കെ, കുറെ അധികം വീടുകള്‍ ഉള്ള ഒരു പ്രദേശത്തെത്തി. അവിടെ മാത്രം കുന്നിന്‍ മുകള്‍ വരെ വീടുകള്‍ കണ്ടു. തട്ട് തട്ടായി 'പുരകൃഷി' നടത്തിയിരിക്കുന്നതു പോലെ. (കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും അദായം തരുന്ന കൃഷിയാണ് ‍). മൂന്നാര്‍ ജെ.സി.ബി കൊണ്ട് ഒറ്റ പിടി പിടിച്ചാല്‍ മതി. കുന്നു വേറെ , കുടില് വേറെ. അവിടെയും നിര്‍ത്താതെ വളഞ്ഞു പുളഞ്ഞു വണ്ടി പൊയ്ക്കൊണ്ടിരുന്നു. തിരക്കില്ലാത്ത വഴിയാണ്. ഡ്രൈവര്‍ ലോങ്ങ്‌ റൂട്ട് എടുത്തു പറ്റിക്കുകയാണോ എന്ന സ്വാഭാവിക സംശയം തോന്നിപ്പോയി. പിന്നീട് പ്രകൃതി ഭം